പി.എസ്.എല്‍.വിയുടെ 50ാം കുതിപ്പും വിജയകരം; ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട: പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍(പി.എസ്.എല്‍.വി) അതിന്റെ അമ്പതാം ദൗത്യവും വിജയകരമായി പൂര്‍ത്തീകരിച്ചു. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്2 ബി.ആര്‍.ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളെയും വഹിച്ചാണ് പി.എസ്.എല്‍.വി.യുടെ ക്യു.എല്‍. പതിപ്പ് ഭ്രമണപഥത്തിലേക്കുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വൈകീട്ട് 3.25 നാണ് പി.എസ്.എല്‍.വി 48 കുതിച്ചുയര്‍ന്നത്.

പാക്ക് അധീന കശ്മിരിലെ ഭീകരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിന് സഹായകമാകുന്ന റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്2 ബി.ആര്‍1) ആണ് ഇന്ന് ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലെത്തിച്ചത്. മുന്‍പ് വിക്ഷേപിച്ച റിസാറ്റ് പരമ്പരയില്‍പെട്ട ഉപഗ്രങ്ങളേക്കാള്‍
ഉയര്‍ന്ന ശേഷിയുള്ളതാണ് റിസാറ്റ്2 ബി.ആര്‍ 1. നിരീക്ഷണത്തിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിലും ഉപഗ്രഹത്തിന് മികച്ചശേഷിയാണുള്ളത്. റിസാറ്റിലെ എക്സ്ബാന്‍ഡിന് പകലും രാത്രിയിലും ഒരുപോലെ പ്രവര്‍ത്തിക്കാനാകും.

കാലാവസ്ഥ പരിശോധന നടത്തുന്നതിനുള്ള ശേഷിയും ഉപഗ്രഹത്തിന് ഉണ്ടായിരിക്കും. ഭൂമിയിലുള്ള കെട്ടിടത്തെയോ മറ്റെന്തെങ്കിലും വസ്തുക്കളെയോ ഒരു ദിവസം കുറഞ്ഞത് രണ്ടോ, മൂന്നോ തവണയെങ്കിലും പകര്‍ത്താന്‍ ഉപഗ്രഹത്തിന് സാധിക്കും. പാക്ക് അധീന കശ്മിരിലെ ഭീകരകേന്ദ്രങ്ങള്‍ നിരീക്ഷിക്കുക, നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റങ്ങള്‍ പരിശോധിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. ഇന്ത്യന്‍ അതിര്‍ത്തികളിലെ എല്ലാ ഭീഷണികളെയും ഇല്ലാതാക്കാന്‍ ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം കരുത്താകും.