മാര്‍ക്ക് ദാനം; വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് ശേഖരിക്കാന്‍ നാേര്‍ക്കക്ക് നിര്‍ദേശം

തിരുവനന്തപുരം: മാര്‍ക്ക് ദാനം റദ്ദാക്കിയ സംഭവത്തില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് ശേഖരിക്കാന്‍ നോര്‍ക്കക്ക് എംജി സര്‍വകലാശാല നിര്‍ദേശം നൽകി. അനധികൃതമായി മാര്‍ക്ക് നേടിയവരുടെ വിവരങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് നോര്‍ക്ക ആവശ്യപ്പെട്ടിരുന്നു. ബി.ടെക് കോഴ്‌സിന് നല്‍കിയ മോഡറേഷന്‍ റദ്ദായതോടെ 118 വിദ്യാര്‍ത്ഥികളാണ് പരാജയപ്പെട്ടത്.

അനര്‍ഹമായി ബിരുദം നേടിയവരുടെ വിവരം ലഭിച്ചില്ലെങ്കില്‍ വിദേശ ജോലി തേടുന്നവരുടെ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ മുടങ്ങുമെന്ന് നോര്‍ക്ക അറിയിച്ചു. കുറച്ച് ദിവസം മുമ്പാണ് വിവാദ മാര്‍ക്ക് ദാനം പിന്‍വലിക്കാന്‍ മഹാത്മഗാന്ധി സര്‍വകലാശാല നടപടി ആരംഭിച്ചത്. സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയെന്നറിയിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മെമ്മോ അയച്ചു തുടങ്ങിയിരുന്നു. മാര്‍ക്ക് ദാനത്തിന്റെ ഗുണം ല്യമായ 118 വിദ്യാര്‍ത്ഥികളോട് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ഹാജരാക്കാനാണ് സര്‍വകലാശാലയുടെ നിര്‍ദേശം.

കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡുകള്‍, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ റദ്ദാക്കിയെന്നറിയിച്ചാണ് പരീക്ഷാ കണ്‍ട്രോളര്‍ക്ക് വേണ്ടി സെക്ഷന്‍ ഓഫീസര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെമ്മോ നല്‍കിയത്. മെമ്മോ ലഭ്യമായി 45 ദിവസത്തിനകം രേഖകള്‍ തിരികെ എത്തിക്കണമെന്നാണ് അറിയിപ്പ്.