‘ഹിസ്റ്ററി ക്ലാസില്‍ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല അല്ലേ’-അമിത് ഷായെ പരിഹസിച്ച് ശശി തരൂര്‍

ഡല്‍ഹി: മതാടിസ്ഥാനത്തില്‍ രാജ്യത്തെ 1947ല്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന ആരോപണത്തില്‍ അമിത്ഷായെ പരിഹസിച്ച് ശശി തരൂര്‍ എം.പി. ഹിസ്റ്ററി ക്ലാസില്‍ ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇത്തരം വിഢിത്തങ്ങള്‍ വിളിച്ചു പറയുന്നതെന്ന് തരൂര്‍ കുറ്റപ്പെടുത്തി. ഹിസ്റ്ററി ക്ലാസില്‍ അമിത് ഷാ ശരിക്ക് ശ്രദ്ധിച്ചിട്ടില്ല, രണ്ട് രാജ്യം എന്ന തത്വത്തെ പിന്തുണച്ചത് ഹിന്ദു മഹാസഭയണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ പൗരത്വ ഭേദഗതി ബില്ല് ഭരണഘടനക്ക് നേരെയുള്ള അടിയാണ് സ്വതന്ത്രമായ ഒരു ഇന്ത്യയെയാണ് നമ്മള്‍ നിര്‍മ്മിക്കേണ്ടത്. നമ്മള്‍ മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ പാടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായ ആക്രമണമാണ് പൗരത്വ ഭേദഗതി ബില്‍ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

അതിനെ പിന്തുണയ്ക്കുന്നത് ആരായാലും അവര്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണെന്നും രാഹുല്‍ പറഞ്ഞു. അതിനിടെ പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയില്‍ നിയമപോരാട്ടത്തിനും വഴിയൊരുങ്ങുകയാണ്. കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി.