പൗരത്വ ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നു; അസമില്‍ 12 മണിക്കൂര്‍ ബന്ദ്

ഗുവാഹട്ടി: ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനയായ എന്‍.ഇ.എസ്.ഒ (NESO) ആണ് ചൊവ്വാഴ്ച രാവിലെ അഞ്ചു മണി മുതല്‍ നാലു മണി വരെ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, എ.യു.ഡി.എഫ്, ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍, കൃഷ്‌ക് മുക്തി സംഗ്രം സമിതി, ഓള്‍ അരുണാചല്‍ പ്രദേശ് സ്റ്റുഡന്റ്സ് യൂണിയന്‍, ഖാശി സ്റ്റുഡന്റ്സ്, നാഗാ സ്റ്റുഡന്റ്സ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബന്ദ് നടത്തുന്നത്.
ഇതേ തുടര്‍ന്ന് അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, മേഖാലയ, മിസോറാം, എന്നീ സംസ്ഥാനങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നാഗാലാന്റില്‍ ഗോത്ര വിഭാഗങ്ങളുടെ പ്രത്യേക ആഘോഷം നടക്കുന്ന സമയമായതിനാല്‍ ബന്ദില്‍ നിന്നും ഒഴിവായിട്ടുണ്ട്.ഇതിനു പുറമെ അസമില്‍ ഇടതു പക്ഷ സംഘടനകളായ എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ, എ.ഐ.ഡി.ഐ.എ, എ.ഐ.എസ്.എഫ്, ഐസ, ഐ.പി.ടി.എ എന്നിവ 12 മണിക്കൂര്‍ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ ബന്ദാണ് ഇത്. ലോക്സഭയില്‍ കഴിഞ്ഞ ദിവസം ബില്‍ പാസായിരുന്നു. വിവിധ എം.പിമാര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു.

പി.കെ കുഞ്ഞാലികുട്ടി, എ.എം. ആരിഫ്, ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ആസദുദ്ദീന്‍ ഒവൈസി എന്നിവര്‍ നിര്‍ദ്ദേശിച്ച  ഭേദഗതികളാണ് വോട്ടിനിട്ടു തള്ളിയത്. ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിങ്ങനെ ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് പൗരത്വ (ഭേദഗതി) ബില്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ് ബില്‍. കഴിഞ്ഞ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാല്‍ ബില്‍ അസാധുവാകുകയായിരുന്നു.