ടൂറിസ്റ്റ് ബസ് സമരം; പങ്കെടുക്കില്ലെന്ന് ഒരു വിഭാഗം

കോഴിക്കോട്: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടത്തുന്ന ടൂറിസ്റ്റ് ബസ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴിലിന്റെ മാന്യതയും ഉത്തരവാദിത്തവും മറന്ന് പ്രവര്‍ത്തിക്കുന്ന ചില ഡ്രൈവര്‍മാരും സംഘടനാംഗങ്ങളും ടൂറിസ്റ്റ് ബസ് വ്യവസായത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്.

യാത്രപോകുമ്പോള്‍ അപകടകരമായവിധം ബസ് ഓടിക്കുമ്പോള്‍ ആരും പ്രതികരിക്കുന്നില്ല. പാക്കേജ് ഓപ്പറേറ്റര്‍മാരാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഈ കാര്യത്തില്‍ സര്‍ക്കാറിന്റെയും ഇടപെടല്‍ അനിവാര്യമാണ്. ‘ഓപ്പറേഷന്‍ തണ്ടര്‍’ പ്രകാരം ടൂറിസ്റ്റ് ബസുകളിലെ നിയമവിരുദ്ധമായ ലൈറ്റ് ആന്റ് സൗണ്ട്, ലേസര്‍, ഡാന്‍സിംഗ് ഫ്ളോര്‍ കാര്യങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചു  വരുന്ന നിയമ നടപടികളെ പിന്തുണയ്ക്കുന്നതായും ഇവര്‍ പറഞ്ഞു. യാത്രക്കാരുമായി പോകുന്ന സമയത്ത് തടഞ്ഞുനിര്‍ത്തി പരിശോധിച്ചു നിസാര കാര്യങ്ങള്‍ക്ക് ഭീമമായ പിഴ ഈടാക്കുന്ന രീതി ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രിയോട് ഫെഡറേഷന്‍ അഭ്യര്‍ഥിച്ചു.