അവര് പറയാനുള്ളത് റേഡിയോയില്‍ ഇരുന്ന് പറയും; അനുസരിച്ചോളണം’; ആഞ്ഞടിച്ച് ഷെയ്ന്‍ നിഗം

കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിച്ച് നടന്‍ ഷെയ്ന്‍ നിഗം. ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കാണ് താന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും ഷെയ്ന്‍ നിഗം പറഞ്ഞു. ഇടവേള ബാബുവും സിദ്ധിഖുമായി സംസാരിച്ചിരുന്നു. അമ്മയുടെ ഭാരവാഹികളെന്ന നിലയിലാണ് അവരുമായി ചര്‍ച്ച നടത്തിയത്. ഔദ്യോഗിക യോഗമായിരുന്നില്ല അതെന്നും ഷെയ്ന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ കണ്ടിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷെയ്ന്‍ നിഗം.

നിര്‍മാതാക്കള്‍ക്ക് മനോ വിഷമമാണോ മനോരോഗമാണോ എന്ന് പറയുന്നില്ല. അവര്‍ക്ക് പറയാനുള്ളത് റേഡിയോയില്‍ ഇരുന്ന് പറയും. നമ്മള്‍ അനുസരിച്ചോളണം. കൂടിപ്പോയാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഖേദമറിയിക്കും. അതിനപ്പുറത്തേക്ക് ഒന്നും ഉണ്ടാകില്ലെന്നും ഷെയ്ന്‍ പറഞ്ഞു. ഈ ലോകത്ത് ഒരു തെറ്റുമില്ല. ശരിമാത്രമേയുള്ളൂ. ഈ നാട്ടില്‍ എത്ര തരത്തിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്.

മുടി മുറിച്ചത് തന്റെ രീതിയിലുള്ള പ്രതിഷേധമാണ്. താന്‍ എന്ത് നീതിയാണ് പുലര്‍ത്തേണ്ടതെന്ന് സിനിമ കണ്ട ശേഷം കാണികളാണ് പറയേണ്ടത്. ഇത്തവണ സെറ്റില്‍ ചെന്നപ്പോള്‍ ബുദ്ധിമുട്ടിച്ചത് നിര്‍മാതാവായിരുന്നില്ല. ക്യാാമറാമാനും സംവിധായകനുമായിരുന്നു. തന്റെ കൈയില്‍ തെളിവുകളുണ്ട്. എവിടെയും വന്ന് പറയാന്‍ തയ്യാറാണെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.