യെദ്യൂരപ്പയ്ക്ക് തുടരാം; കര്‍ണാടകയില്‍ ആധിപത്യം ഉറപ്പിച്ച് ബി.ജെ.പി

ബംഗളുരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തി ബി.ജെ.പി. 15 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ 12 ഇടങ്ങളിലും ബി.ജെ.പി സ്വന്തമാക്കി. ഒരു സീറ്റിലും ജയിക്കാനാകാതെ ജെ.ഡി.എസ് പിന്‍വാങ്ങിയപ്പോള്‍ ശിവാജി നഗറിലും ഹുനസുരുവിലും
മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ഉപതെരഞ്ഞെടുപ്പ് നടന്നതില്‍ പന്ത്രണ്ട് മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെയും മൂന്നെണ്ണം ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളായിരുന്നു.

അതേസമയം, കര്‍ണാടകത്തിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍  പറഞ്ഞു. ജനം കൂറുമാറ്റത്തെ പിന്തുണയ്ക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്കു വിഷമിക്കേണ്ട കാര്യമൊന്നുമില്ല. ഉപതെരഞ്ഞെടുപ്പുകള്‍ വ്യത്യസ്തമാണ്. പൊതുതെരഞ്ഞെടുപ്പ് വേറെയാണ്. ഫലങ്ങള്‍ ഫലങ്ങളാണ്. എനിക്ക് ആത്മവിശ്വാസമുണ്ട്. കോണ്‍ഗ്രസ് ശക്തമാണ്.

അതിനെ തകര്‍ക്കാനാവില്ല. ആര്‍ക്കും കോണ്‍ഗ്രസിനെ അവസാനിപ്പിക്കാനാവില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് -ദള്‍ സഖ്യ സര്‍ക്കാരിനെ വിമത നീക്കത്തില്‍ കൂടി മറിച്ചിട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 225 അംഗ നിയമസഭയില്‍ 113 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 17 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെതുടര്‍ന്ന് 208 അംഗങ്ങളിലെ 105 പേരുടെ പിന്തുണയോടെയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായത്. 17 എംഎല്‍എ മാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇതില്‍ രണ്ട് പേരുടെ കേസ് തീര്‍പ്പായിട്ടില്ല. തെരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡ് നേടിയതോടെ യെദ്യൂരപ്പയ്ക്ക് ഇനി മുഖ്യമന്ത്രികസേരയില്‍ ഉറച്ചിരിക്കാം.