ഡല്‍ഹിയില്‍ 43 പേര്‍ വെന്തുമരിച്ച കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം

ഡല്‍ഹി: കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ ഡല്‍ഹി അനാജ്മാര്‍ക്കറ്റിലെ കെട്ടിടത്തില്‍ ഇന്ന് വീണ്ടും തീപിടിത്തം. ചെറിയ രീതിയിലുള്ള തീയാണുണ്ടായത്. ആളപായമില്ല. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ 43പേര്‍ മരിച്ചിരുന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിരക്കേറിയ റാണി ജാന്‍സി റോഡ് അനാജ് മാര്‍ക്കറ്റിലെ ബാഗ് നിര്‍മാണ ഫാക്ടറിയിലാണ് ഞായറാഴ്ച തീപിടിത്തമുണ്ടായത്.

മരിച്ചവരെല്ലാം ഫാക്ടറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു അപകടം. തീ മുകള്‍ നിലയിലേക്കു പടരുകയും തൊട്ടടുത്തുള്ള മറ്റു രണ്ടു കെട്ടിടങ്ങളില്‍ കൂടി എത്തുകയുമായിരുന്നു. സംഭവത്തില്‍ ഫാക്ടറി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ഫാക്ടറി നടത്തിയതിന് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്. ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത് അനുമതിയില്ലാതെയാണെന്നും റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തിന് ഫയര്‍ എക്സിറ്റ് ഉണ്ടായിരുന്നില്ല. ഒരു ജനല്‍ ഒഴികെയുള്ളതെല്ലാം തുറക്കാനാവാത്തവിധം ഭദ്രമാക്കിയിരുന്നു.