കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഇനി കാസര്‍കോടിന് സ്വന്തം

കാസര്‍കോട്: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ കാസര്‍കോട് ആയംകടവ് പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കാസര്‍ഗോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12.5 കോടി രൂപ ചിലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് പാലം നിര്‍മ്മിച്ച് പൂര്‍ത്തീകരിച്ചിരിക്കുന്നത്.24 മീറ്റര്‍ ഉയരത്തിലും 150 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച പാലത്തിന്റേയും 3.8 കിലോമീറ്റര്‍ മെക്കാഡം ചെയ്ത അപ്രോച്ച് റോഡിന്റെയും പ്രവൃത്തിയാണ് ഇതിനോടകം പൂര്‍ത്തിയായത്.

കര്‍ണ്ണാടകയിലെ മടിക്കേരി, സുള്ള്യ, സുബ്രഹ്മണ്യ എന്നീ സ്ഥലങ്ങളില്‍ നിന്നും ബേക്കലില്‍ എത്തിച്ചേരാന്‍ എളുപ്പമുള്ള പാതയാകും ഇത്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ ദേലമ്പാടി, കാറഡുക്ക, മുളിയാര്‍,ബള്ളൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പെരിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലേക്കും, കാഞ്ഞങ്ങാട് നഗരത്തിലേക്കും എത്തിച്ചേരാനുള്ള എളുപ്പ മാര്‍ഗ്ഗമാകും.