പരാതി പിന്‍വലിച്ചില്ല; പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികള്‍

മുസഫര്‍ നഗര്‍: ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിയ്ക്കു നേരെ പ്രതികളുടെ ആസിഡ് ആക്രമണം. 30 ശതമാനം പൊള്ളലേറ്റ യുവതി മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പ്രതികളായ നാലു പേരും യുവതിയുടെ വീട്ടിലെത്തുകയും
ബലാത്സംഗ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പ്രതികള്‍ യുവതിയക്കു നേരെ ആസിഡ് ഒഴിച്ചത്.

സംഭവത്തിനു പിന്നാലെ നാലു പേരും ഒളിവില്‍ പോയി. ആരിഫ്, ഷാനവാസ്, ഷരീഫ്, ആബിദ് എന്നീ കസേരവ സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. ബലാത്സംഗ പരാതിയുമായി 30കാരി ആദ്യം പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് അവര്‍ നേരിട്ട് കോടതിയെ സമീപിച്ചു. ഇതോടെയാണ് പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതികള്‍ രംഗത്തെത്തിയത്.