ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം ഇന്ന്

തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി 20യുടെ ആവേശത്തിലാണ് തലസ്ഥാനനഗരി. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് മത്സരത്തിന് പൂര്‍ണ സജ്ജമായികഴിഞ്ഞു. ട്വന്റി -ട്വന്റി മത്സരത്തിനായി ഇരു ടീമുകളും തലസ്ഥാനത്തെത്തി. വിമാനത്താവളത്തിന് പുറത്തിറങ്ങിയ ടീം അംഗങ്ങളെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. ഇന്ന് വൈകീട്ട് ഏഴിനാണ് മത്സരം തുടങ്ങുന്നത്.

കാര്യവട്ടം സ്പോര്‍ട്‌സ് ഹബ്ബ് വേദിയാകുന്ന മൂന്നാമത്തെ  രാജ്യാന്തര മത്സരമാണിത്. ആരാധകര്‍ക്ക് വൈകിട്ട് നാല് മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. മഴ വില്ലനാക്കുമോ എന്ന നെഞ്ചിടിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഹോം ഗ്രൗണ്ടില്‍ സഞ്ജു സാംസണ് കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. തിരുവനന്തപുരം ലീല ഹോട്ടലിലാണ് ഇരു ടീമുകള്‍ക്കും താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇനി തലസ്ഥാന നഗരിയുടെ ക്രിക്കറ്റ് മാമാങ്കത്തിനാണ് ആരാധകരുടെ കാത്തിരിപ്പ്. ഇന്ത്യ പരമ്പര നേടുമെന്ന വിശ്വാസത്തിലാണ് ക്രിക്കറ്റ് ലോകം.