തുടര്‍ക്കഥയവുന്ന ബലാത്സംഗങ്ങള്‍; ത്രിപുരയിലും കൂട്ടബലാത്സംഗം

അഗര്‍ത്തല: രാജ്യം മുഴുവന്‍ പ്രതിഷേധം ആഞ്ഞടിക്കുമ്പോഴും കൂട്ടബലാത്സംഗങ്ങളും ക്രൂരതകളും ആവര്‍ത്തനമാവുന്നു. ത്രിപുരയിലെ പതിനേഴുകാരിയാണ് വാര്‍ത്തകളിലെ പുതിയ ഇര. കാമുകനും കൂട്ടുകാരും ചേര്‍ന്ന് തടവില്‍ വെച്ച് ദിവസങ്ങളോളം ബലാത്സംഗം ചെയ്ത ശേഷം
ജീവനോടെ തീയിടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തെക്കന്‍ ത്രിപുരയിലെ ശാന്തിര്‍ബസാറിലാണ് സംഭവം. കാമുകനും അമ്മയും ചേര്‍ന്നാണ് തീകൊളുത്തിയത്. കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്. അയല്‍വാസികളാണ് കുട്ടിയെ ആശുപത്രയിലെത്തിച്ചത്. രണ്ടുമാസമായി കുട്ടി കാമുകന്റെ തടവിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

അജോയി രുദ്രപാല്‍ എന്നയാളാണ് മുഖ്യപ്രതി. കുട്ടിയെ മോചിപ്പിക്കുന്നത് ഇയാള്‍ 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍ അവര്‍ക്ക് 17,000 രൂപ നല്‍കാനേ കഴിഞ്ഞുള്ളു. ഇത് അയാളെ ചൊടിപ്പിച്ചെന്നും പെണ്‍കുട്ടിയെ തീയിട്ടെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. അജയിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.