‘മുഖ്യമന്ത്രി വരട്ടെ’- യോഗി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടില്‍ ഉന്നാവോ യുവതിയുടെ കുടുംബം

ലഖ്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടുമായി ഉന്നവോ യുവതിയുടെ കുടുംബം. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഉന്നാവിലെക്ക് പുറപ്പെട്ട മൃതദേഹം
വഹിച്ചുള്ള ആംബുലൻസ് രാത്രി 9.30ക്ക് ശേഷമാണ് ഗ്രാമത്തിൽ എത്തിയത്. രാത്രി വൈകി എത്തിയതിനാൽ സംസ്‌കാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പത്തുമണിക്കാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്.

സർക്കാരിന്റെ പണമോ ജോലിയോ വേണ്ടെന്നും നീതി ഉറപ്പാക്കണമെന്നും സഹോദരി ആവശ്യപ്പെട്ടു. എത്രയും വേഗം സംസ്‌കാരം നടത്താൻ കുടുംബത്തിനുമേൽ പോലീസ് സമ്മർദം തുടങ്ങിയതോടെയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യം വേണമെന്ന നിലപാടിൽ ബന്ധുക്കൾ എത്തിയത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ ചുട്ടുകൊന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധം രാജ്യത്തുടനീളം തുടരുകയാണ് . ഡൽഹിയിൽ വിവിധ സംഘടനകളുടെ നേത്യത്വത്തിൽ രാജ്ഘട്ടിൽ നിന്നും ഇന്ത്യ ഗേറ്റിലേക്ക് മെഴുകുതി പ്രതിഷേധം നടന്നു.

പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോൺഗ്രസും സമാജ്വാദി പാർട്ടിയും ഇന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധിക്കും. സർക്കാർ 25 ലക്ഷം രൂപ ധനസഹായം കുടുംബത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്. റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാൻ റയിൽവേ സ്റ്റേഷനിൽ എത്തിയ യുവതിയെ ബലാൽസംഗ കേസിലെ പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തിൽ എത്തിയ അഞ്ച് അംഗ സംഘം തട്ടിക്കൊണ്ടു
പോയി തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ മരണത്തിനു കിഴടങ്ങിയത്.