ഉന്നാവോ പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; പ്രതിഷേധം കനക്കുന്നു

ലഖ്നൗ: ഉന്നവോ പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ പ്രതിസന്ധി രൂക്ഷമായ ഉത്തര്‍പ്രദേശില്‍ കുട്ടിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന ജില്ലാ മജിസ്ട്രേറ്റിനെയും വഴിയില്‍ തടഞ്ഞു. നേരത്ത യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം കുട്ടിയുടെ വീട്ടിലേക്ക് എത്തിയ രണ്ട് മന്ത്രിമാരെയും നാട്ടുകാര്‍ തടഞ്ഞിരുന്നു. യോഗി സര്‍ക്കാരിനെതിരേ മുദ്യാവാക്യം വിളിച്ചാണ് ജനങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.

അതേസമയം യുവതിയുടെ മൃതദേഹം രാത്രിയോടെ സ്വന്തം വീട്ടില്‍ എത്തിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം റോഡ് മാര്‍ഗമാണ് മൃതദേഹം ഉന്നാവോയില്‍ എത്തിച്ചത്. ഇന്നലെ വരെ തങ്ങളോടൊപ്പമുണ്ടായിരുന്ന യുവതിയുടെ ചേതനയറ്റ ശരീരം കണ്ടതോടെ ജനങ്ങള്‍ വൈകാരികമായാണ് പ്രതികരിച്ചത്.

കനത്ത പോലീസ് സുരക്ഷയിലാണ് ആംബുലന്‍സില്‍  മൃതദേഹം എത്തിച്ചത്. ഇന്ന് രാവിലെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ചാണ് യുവതി മരിച്ചത്.