നിശാഗന്ധിയിലെ നിറഞ്ഞ സദസില്‍ കൈയടി നേടി ‘പാസ്ഡ് ബൈ സെന്‍സര്‍’

തിരുവനന്തപുരം: വ്യവസ്ഥാപിത സംവിധാനങ്ങള്‍ പൗരന്റെ മനുഷ്യാവകാശങ്ങളില്‍ ഇടപെടുന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച ‘പാസ്ഡ് ബൈ സെന്‍സര്‍’. ജയില്‍പുള്ളികളുടെയും ജീവനക്കാരുടെയും മാനസിക സംഘര്‍ഷങ്ങള്‍ പ്രമേയമായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മിഡ്‌നെറ്റ് സ്‌ക്രീനിങ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ഡോര്‍ലോക്ക്’, മറഡോണയുടെ ജീവിത കഥ പറയുന്ന ‘ഡീഗോ മറഡോണ’ എന്നീ ചിത്രങ്ങള്‍ മേളയിലെ പ്രധാന ആകര്‍ഷണമാണ്.

ഗോള്‍ഡന്‍ ഓറഞ്ച്, അങ്കാറ ചലച്ചിത്രമേളകളില്‍ നിരൂപക പ്രശംസകള്‍ വാരിക്കൂട്ടിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് കേരളത്തിലെ സിനിമാ പ്രേമികള്‍ കാത്തിരുന്നത്. വിഖ്യാത ഹ്രസ്വചിത്ര സംവിധാനയകന്‍ സെര്‍ഹത് കാരള്‍സന്റെ ആദ്യ ഫീച്ചര്‍ ചിത്രം മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ നിശാഗന്ധിയില്‍ നിറഞ്ഞ സദസായിരുന്നു. ഇസ്താംബൂര്‍ നഗരഹൃദയിലെ ഒരു ജയിലില്‍ തടവുകാരുടെ കത്തുകള്‍ പരിശോധിക്കുന്ന ജോലിക്കായി നിയമിക്കപ്പടുന്ന സക്കീര്‍.

ഒരു ദിവസം കത്തുകള്‍ക്കടിയില്‍ നിന്ന് സക്കീറിന് ഒരു ഫോട്ടോ കിട്ടുന്നു. തടവുകാരില്‍ ഒരാളുടെ ഭാര്യയുടെ ചിത്രം. ഈ ഫോട്ടോ വച്ച് സക്കീര്‍ കഥകള്‍ മെനഞ്ഞെടുക്കുന്നതും സ്വന്തം ജീവന്‍ പോലും അപടകത്തില്‍പ്പെടുന്നതുമാണ് പാസ് ബൈ സെന്‍സറിന്റെ പ്രമേയം.നാല് തവണ ബാഫ്റ്റ പുരസ്‌കാരം ലഭിച്ച ബ്രിട്ടീഷ് സംവിധായകന്‍ ആസിഫ് കപാഡിയ ഒരുക്കിയ ‘ഡീഗോ മറഡോണ’ സ്‌പെഷ്യല്‍ സ്‌ക്രീനിങ് വിഭാഗത്തിലാണ് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കുന്നത്.