ലോകത്തെ മികച്ച പ്രതിഭകള്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങി സൗദി

ജിദ്ദ: ലോകത്തെ മികച്ച പ്രതിഭകള്‍ക്ക് പൗരത്വം നല്‍കാന്‍ സൗദി ഒരുങ്ങുന്നു. ലോക രാജ്യങ്ങളില്‍നിന്ന് ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും അടക്കമുള്ളവര്‍ക്ക് പൗരത്വം നല്‍കുന്ന പുതിയ പദ്ധതിയാണ് ആരംഭിക്കാന്‍ പോകുന്നത്. വികസനം ശക്തമാക്കുകയും വ്യത്യസ്ത മേഖലകളില്‍
രാജ്യത്തിന് ഗുണകരമായി മാറുകയും ചെയ്യുന്നതിന് വൈദ്യശാസ്ത്ര, ശാസ്ത്ര, സാംസ്‌കാരിക, കായിക, വിനോദ, സാങ്കേതിക മേഖലകളിലെ പ്രതിഭകളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യും. ലോകത്തെവിടെനിന്നും സൗദി പൗരത്വം അനുവദിക്കുന്നതിന് യോഗ്യരായവരുടെ പേരുകള്‍ നാമനിര്‍ദേശം ചെയ്യാന്‍സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

വിദേശ രാജ്യങ്ങളിലെ പ്രതിഭകള്‍ക്കു മാത്രമല്ല, സൗദിയില്‍ കഴിയുന്ന കുടിയേറ്റ ഗോത്രങ്ങളിലും, വിദേശികളുമായുള്ള വിവാഹബന്ധങ്ങളില്‍ സൗദി വനിതകള്‍ക്ക് പിറന്ന മക്കളുടെ കൂട്ടത്തിലും സൗദിയില്‍ ജനിച്ചു  വളര്‍ന്നവരുടെ കൂട്ടത്തിലും പെട്ട, മാനദണ്ഡങ്ങള്‍ പൂര്‍ണമായ പ്രതിഭകള്‍ക്കും പൗരത്വം നല്‍കാന്‍ രാജകല്‍പനയുണ്ട്. വിഷന്‍- 2030 പദ്ധതിക്കനുസൃതമായി ശാസ്ത്രജ്ഞരും ചിന്തകരും പ്രതിഭകളും അടക്കമുള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ പൊതുതാല്‍പര്യം ആവശ്യപ്പെടുന്ന കാര്യം കണക്കിലെടുത്താണ് പുതിയ ചുവടുവെപ്പ്.

ഫോറന്‍സിക് മെഡിസിന്‍, വൈദ്യശാസ്ത്രം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗണിതശാസ്ത്രം, കംപ്യൂട്ടര്‍, സാങ്കേതികവിദ്യ, കൃഷി, ആണവപുനരുപയോഗ ഊര്‍ജം, വ്യവസായം, പെട്രോളിയം, ഗ്യാസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആപ്പുകള്‍, ഡാറ്റകള്‍, പ്രോഗ്രാം എന്‍ജിനീയറിംഗ്, റോബോട്ട്, ഉയര്‍ന്ന ശേഷിയുള്ള കംപ്യൂട്ടറുകള്‍, നാനോ ടെക്‌നോളജി, പരിസ്ഥിതി, ഭൂമിശാസ്ത്രം, ശൂന്യാകാശ ശാസ്ത്രം, ഏവിയേഷന്‍ എന്നീ മേഖലകളിലെ ശാസ്ത്രജ്ഞര്‍ക്കും ആഗോള പ്രതിഭകള്‍ക്കും പൗരത്വം അനുവദിക്കാനാണ് തീരുമാനം.