ടി.എന്‍ പ്രതാപനെയും ഡീനിനേയും സസ്പെന്‍ഡ് ചെയ്തേക്കും

ഡല്‍ഹി: ലോക്സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ മോശമായി പെരുമാറി എന്ന ബി.ജെ.പി ആരോപണത്തെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ നടപടി സ്വീകരിക്കാന്‍ ഒരുക്കം തുടങ്ങി. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ പ്രമേയം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല അംഗീകരിച്ചു.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ സ്മൃതി ഇറാനി സംസാരിക്കുമ്പോള്‍ മറുപടി പറയേണ്ടത് അമിത് ഷാ ആണെന്ന് പ്രതാപനും ഡീനും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇരുവരും മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മര്‍ദ്ദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നുമാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. തുടര്‍ന്ന് ബി.ജെ.പി വനിതാ എം.പിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രമേയം സ്പീക്കര്‍ തിങ്കളാഴ്ച പരിഗണിച്ചേക്കും. ഇതോടെ ഇരുവര്‍ക്കുമെതിരേ നടപടി വരുമെന്ന കാര്യം ഉറപ്പായി. എന്നാല്‍ കേന്ദ്രമന്ത്രി കൂടിയായ  സ്മൃതി ഇറാനിയാണ് പ്രകോപനമുണ്ടാക്കിയതെന്നാണ് കോണ്‍ഗ്രസ് നിലപാട്. സഭാനടപടികള്‍ക്ക് വിരുദ്ധമായി ഭീഷണി സ്വരത്തില്‍ സംസാരിക്കുകയും കൈചൂണ്ടുകയും മറ്റും ചെയ്തത് അവരാണെന്നും ബി.ജെ.പി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.