24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം: 24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. വിളക്ക് കൈമാറാന്‍ നടി അനശ്വര രാജനും വേദിയില്‍ സന്നിഹിതയായിരുന്നു. സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍, ജൂറി അംഗമായ ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറ, ജൂറി ചെയര്‍മാന്‍ സംവിധായകന്‍ കമല്‍, സംവിധായകന്‍ ഷാജി എന്‍ കരുണ്‍ മുഖ്യാതിഥിയായെത്തിയ നടി ശാരദ, എം.എല്‍ എ വി കെ പ്രശാന്ത്, മേയര്‍ കെ ശ്രീകുമാര്‍, ചലച്ചിത്ര അക്കാദമിചെയര്‍പേഴ്സണ്‍ എഡിറ്റര്‍ ബീനാ പോള്‍, റാണി ജോര്‍ജ് ഐ എ എസ്, ചലച്ചിത്രമേള സെക്രട്ടറി മഹേഷ് പഞ്ജു തുടങ്ങിയവര്‍ സംബന്ധിച്ചു.

മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന 186 ചിത്രങ്ങളുടെയും വിവരങ്ങള്‍ അടങ്ങിയ ഫെസ്റ്റിവല്‍ ബുക്കിന്റെയും ബുള്ളറ്റിന്റെയും പ്രകാശനവും നടന്നു. ചലച്ചിത്ര അക്കാദമിയുടെ പുസ്തകമായ ചലച്ചിത്ര സമീക്ഷ നടി ശാരദ ഖൈറി ബെഷാറയ്ക്കു നല്‍കി പ്രകാശനം ചെയ്തു. മലയാള സിനിമാചരിത്രത്തെക്കുറിച്ച് എഴുതപ്പെട്ട ഫസ്റ്റ് വോള്യം ഓഫ് ഹിസ്റ്ററി ഓഫ് മലയാളം സിനിമ എന്ന പുസ്തകം മുഖ്യമന്ത്രി ഷാജി എന്‍ കരുണിനു നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. നിശാഗന്ധിയില്‍ ടര്‍ക്കിഷ്, ജര്‍മന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലായി സെര്‍ഹത് കരാസ്ലാന്‍ സംവിധാനം ചെയ്ത പാസ്ഡ് ബൈ സെന്‍സര്‍ ഉദ്ഘാടന ചിത്രമാണ് ഇനി നടക്കുക.