കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ദയാഹര്‍ജിയ്ക്ക് അര്‍ഹതയില്ല: രാഷ്ട്രപതി

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്രസര്‍ക്കാര്‍. വധശിക്ഷ കാത്തുകഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ദയാഹര്‍ജിയ്ക്ക് അര്‍ഹതയില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പോക്സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണം. പാര്‍ലമെന്റ് ഇക്കാര്യം പരിശോധിക്കണം.

സ്ത്രീസുരക്ഷ ഗൗരവകരമായ വിഷയമാണ്. സ്ത്രീകള്‍ക്കു നേരെയുണ്ടാവുന്ന ആക്രമണങ്ങള്‍ രാജ്യമനസാക്ഷിയെ പിടിച്ചുലയ്ക്കുന്നു.- രാഷ്ട്രപതി പറഞ്ഞു.2012 ഡിസംബര്‍ 16ന് അര്‍ധരാത്രി ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം പുറത്തേക്കെറിയുകയും രണ്ടാഴ്ചയ്ക്കു ശേഷം ചികില്‍സയ്ക്കിടെ മരിക്കുകയും ചെയ്ത സംഭവമാണ് നിര്‍ഭയ കേസ്. കേസില്‍ ആറു പ്രതികളാണുള്ളത്. പ്രായപൂര്‍ത്തിയെത്താത്ത പ്രതിയെ ജുവനൈല്‍ ഹോമിലേക്കു മാറ്റി. ബാക്കിയുള്ള മുകേഷ് (31), പവന്‍ ഗുപ്ത (24), വിനയ് ശര്‍മ എന്നിവര്‍ തിഹാര്‍ ജയിലിലും അക്ഷയ്കുമാര്‍ സിങ് മണ്ടോളിയിലെ ജയിലിലുമാണ് കഴിയുന്നത്.