ഇത് വെള്ളരിക്കാപട്ടണമല്ല, സര്‍ക്കാരും പോലീസും വിശദീകരണം നല്‍കണം: പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ തെലങ്കാന ബി.ജെ.പി

ഡല്‍ഹി: ഹൈദരാബാദില്‍ ബലാത്സംഗ കേസ് പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തെലങ്കാന ബി.ജെ.പി. നാലു പ്രതികളെ വെടിവെച്ചു കൊന്ന വിഷയത്തില്‍ സര്‍ക്കാരും പോലീസും മാധ്യമങ്ങള്‍ക്കു മുന്നില്‍
വിശദീകരണം നല്‍കണമെന്നും സംസ്ഥാന ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു.

കൂട്ടബലാത്സംഗവും കൊലപാതകവും ഭീകരമായ കുറ്റകൃത്യമാണ്. ബി.ജെ.പി അതില്‍ അപലപിക്കുകയും ചെയ്യുന്നു. ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ ആക്രമണത്തിന് വിധേയയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ വേണ്ടി സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നുവെന്ന് ബി.ജെ.പി വക്താവ് കെ. കൃഷ്ണസാഗര്‍ റാവു പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നിരുന്നാലും ഇത് വെള്ളരിക്കാപ്പട്ടണമല്ല. ഭരണഘടനയും നിയമസംവിധാനവും നിലവിലുള്ള രാജ്യമാണ്.

കുറ്റകൃത്യം നടക്കുമ്പോള്‍ അതിനെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ല. തെലങ്കാന സര്‍ക്കാരും ഡി.ജി.പിയും ഉടന്‍ തന്നെ മാധ്യമങ്ങളെ കാണണം. അതിനുശേഷം മാത്രമേ ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി ഈ വിഷയത്തില്‍ പ്രതികരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പോലീസ് നടപടിയെ അഭിനന്ദിച്ച് നിരവധി ബി.ജെ.പി നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.