‘നിയമം അതിന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചു’; പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ സജ്ജനാര്‍

ഹൈദരാബാദ്: ‘നിയമം അതിന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചുവെന്നു മാത്രമേ എനിക്ക് പറയാനാവൂ’- ഹൈദരാബാദില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ സൈബരാബാദ് സി.പി വി.സി സജ്ജനാറിന്റെ പ്രതികരണം. ഏറ്റുമുട്ടലിന്റെ സമയത്ത് പ്രതികള്‍ക്ക് ചുറ്റും 10 പോലീസുകാര്‍ ഉണ്ടായിരുന്നുവെന്ന് വെടിവയ്പ്പിന് നേതൃത്വം നല്‍കിയ സജ്ജനാര്‍ പറഞ്ഞു. തെളിവെടുപ്പില്‍ ബലാത്സംഗ ഇരയുടെ മൊബൈല്‍ ഫോണ്‍ ഇവിടെ നിന്ന് കണ്ടെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായാണ് സംഭവസ്ഥലത്തേക്ക് പ്രതികളെ കൊണ്ടുപോയത്. എന്നാല്‍ ഇവിടെവച്ച് പ്രതികള്‍ പോലീസിനെ വടികൊണ്ട് ആക്രമിച്ചു. ഞങ്ങളുടെ ആയുധങ്ങള്‍ കവര്‍ന്നെടുക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. കീഴടങ്ങാന്‍ അവരോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ലെന്നും വെടിയുതിര്‍ക്കുന്നത് തുടര്‍ന്നുവെന്നും സജ്ജനാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഞങ്ങള്‍ വെടിയുതിര്‍ത്തതും പ്രതികള്‍ കൊല്ലപ്പെട്ടതും. ഏറ്റുമുട്ടലിനിടെ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.