കാഴ്ചയുടെ വസന്തമൊരുക്കി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്ര മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. നടി ശാരദയാണ് വിശിഷ്ടാതിഥി. ചടങ്ങുകള്‍ക്ക് ശേഷം ഉദ്ഘാടന ചിത്രമായ ‘പാസ്ഡ് ബൈ സെന്‍സര്‍’ പ്രദര്‍ശിപ്പിക്കും.

വിവിധ തിയേറ്ററുകളില്‍ രാവിലെ 10 മണി മുതല്‍ തന്നെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും. 8998 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. 3,500 സീറ്റുകളുള്ള ഓപ്പണ്‍ തിയേറ്ററായ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശന വേദി. 10,500 ഡെലിഗേറ്റുകള്‍ ഇക്കുറി സിനിമ കാണും. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, ലോക സിനിമ തുടങ്ങി 15 ഓളം വിഭാഗങ്ങളിലായി 73 രാജ്യങ്ങളില്‍നിന്നുള്ള 186 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറയാണ് ചെയര്‍മാന്‍ . ഇറാനിയന്‍ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകന്‍ അമീര്‍ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍, മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെ എന്നിവരാണ് ജൂറി അംഗങ്ങള്‍.