കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയുന്നു? ആറുമാസത്തെ അവധിക്ക് അപേക്ഷിച്ചതായി സൂചന

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം താൽകാലികമായി ഒഴിയുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ ചികിൽസയിൽ തുടരുന്ന കോടിയേരി ആറുമാസത്തെ അവധിയില്‍ പോകുന്നതായാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കോടിയേരി നൽകിയ അപേക്ഷയില്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും എന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ മുതിർന്ന നേതാക്കളെ ആരെയെങ്കിലും താൽകാലികമായി നിയമിച്ചേക്കും. എം.എ ബേബി, ഇ.പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍, എ. വിജയരാഘവന്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ഇ.പി ജയരാജനെ സ്ഥാന സെക്രട്ടറിയായി നിയമിക്കുകയാണെങ്കിൽ മന്ത്രിസഭയിലും അഴിച്ചുപണിക്ക് സാദ്ധ്യതയുണ്ട്. ചികിത്സയുടെ ഭാഗമായാണ് അവധി കാലാവധി നീട്ടുന്നതെന്നാണ് കോടിയേരി അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് പാർട്ടി സംസ്ഥാന ഘടകം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.