നികുതി വെട്ടിച്ച് രണ്ട് ആഡംബര കാറുകള്‍ വാങ്ങി; സുരേഷ് ഗോപിക്കെതിരേ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം

തിരുവനന്തപുരം: ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തുവെന്ന കേസില്‍ നടനും ബി.ജെ.പി രാജ്യസഭാംഗമായ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം. ഇതുവഴി 19.6 ലക്ഷം രൂപയുടെ നികുതി സുരേഷ് ഗോപി എം.പി
വെട്ടിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. മോട്ടോര്‍വാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്.

ഇതുസംബന്ധിച്ച് കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ നടി അമല പോളിനും ഫഹദ് ഫാസിലിനും എതിരെ സമാനമായ കേസുകള്‍ ക്രൈംബ്രാഞ്ച് എടുത്തിരുന്നുവെങ്കിലും പിന്നീടത് അവസാനിപ്പിക്കുകയായിരുന്നു. അമലാ പോള്‍ പോണ്ടിച്ചേരിയില്‍ നിന്നാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും അതിനാല്‍ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കിയത്.

അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജ രേഖകള്‍ ഉപയോഗിച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പില്‍ നടപടിയെടുക്കാന്‍ പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നല്‍കിയതായും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു.