കെ.എം ബഷീറിന്റെ മൊബൈല്‍ ഫോണ്‍ ആരോ ഉപയോഗിക്കുന്നുവെന്നു സംശയം: വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ലെഫ്റ്റടിച്ചത് ഇന്നലെ രാത്രി

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ നഷ്ടമായ മൊബൈല്‍ ആരോ ഉപയോഗിക്കുന്നു എന്ന സംശയം ബലപ്പെടുന്നു. ബഷീര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ വാട്‌സാപ് ഗ്രൂപ്പുകളില്‍നിന്നും കുടുംബ ഗ്രൂപ്പില്‍നിന്നും ഒന്നിച്ച് ലെഫ്റ്റായതാണ് ദുരൂഹത വര്‍ധിക്കാന്‍ കാരണം. മരണത്തിലെ ദുരൂഹത ഒഴിവാക്കാന്‍ ഫോണ്‍ കണ്ടെത്തിയാല്‍ ഒരുപരിധിവരേ സഹായിക്കുമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അതിനിടെയാണ് നാടകീയ സംഭവങ്ങള്‍.

കുറച്ചുകാലം ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ വാട്‌സാപ് ഗ്രൂപ്പുകളില്‍നിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാധ്യതയില്ലെന്നിരിക്കെയാണ് ബഷീര്‍ ‘ലെഫ്റ്റ്’ എന്ന് മാധ്യമ ഗ്രൂപ്പുകളില്‍ ഇന്നലെ രാത്രിയോടെ സന്ദേശം വരുന്നത്. ബഷീര്‍ വാഹനാപകടത്തില്‍ മരിച്ചതിന് ശേഷം മൊബൈല്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനിടെയാണ് ദുരൂഹത വര്‍ധിപ്പിച്ച് ലെഫ്റ്റ് പ്രതിഭാസം ഉണ്ടായത്. ഇതോടെയാണ് ഫോണ്‍ ആരോ ഉപയോഗിക്കുന്നതായി സംശയം ബലപ്പെടുന്നത്.

സംഭവത്തില്‍ സൈബര്‍ വിദഗ്ധരുടെ ഉപദേശം നേടിയിരിക്കുകയാണ് പോലീസ്. കാണാതായ ഫോണിലെ വാട്ട്സ്ആപ്പ് ആരെങ്കിലും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ റീ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്തിരിക്കാമെന്നാണ് സംശയം ഉറപ്പാകുന്നത്. അതോടെയേ നമ്പര്‍ ലെഫ്റ്റ് ആയെന്ന സന്ദേശം വരികയുള്ളൂ. വാട്ട്സ്ആപ്പ് ലഭിക്കാന്‍ ഫോണില്‍ സിം ഇല്ലെങ്കിലും വൈഫൈ ഉപയോഗിച്ചും ഫോണില്‍ വാട്‌സാപ് കിട്ടുമെന്നിരിക്കേ ആരോ ഫോണ്‍ ഉപയോഗിക്കുന്നുവെന്നുതന്നെയാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.