കൊടുംക്രൂരത വീണ്ടും; എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

ബെംഗളുരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. സുലെപേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. സംഭവത്തില്‍ 35 കാരനായ യെല്ലപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍വിട്ട് ഏറെ വൈകിയും പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.

പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മുല്ലമാരി ജലസേചന പദ്ധതിയുടെ കനാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച്ച കുട്ടി സ്‌കൂളിലെത്തിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഉച്ചയ്ക്ക് ശേഷം കുട്ടിയെ യെല്ലപ്പയ്ക്കൊപ്പം കണ്ടിരുന്നതായി സാക്ഷിമൊഴികളും ലഭിച്ചിരുന്നു. ആദ്യം കുറ്റം നിഷേധിച്ച യെല്ലപ്പയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം ചെയ്തത് താന്‍തന്നെയാണെന്ന് സമ്മതിക്കുകയായിരുന്നു. ചോക്ലേറ്റ് നല്‍കി കുട്ടിയെ കൂട്ടിക്കൊണ്ടുപ്പോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് യെല്ലപ്പ പറഞ്ഞു.