‘ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ ദൈവം കാക്കട്ടെ’- ബി.ജെ.പി എം.പിയുടെ സാമ്പത്തിക നിരീക്ഷണത്തെ പരിഹസിച്ച് ചിദംബരം

ഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌ക്കരണങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ജി.ഡി.പിക്ക് ഭാവിയില്‍ ഒരു പങ്കുമില്ലെന്ന ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ അഭിപ്രായ പ്രകടനത്തിനു പിന്നാലെയാണ് ചിദംബരം രംഗത്തെത്തിയത്.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ചില സാമ്പത്തിക പരിഷ്‌കാരങ്ങളായ ഇറക്കുമതി തീരുവ വര്‍ദ്ധനവ്, വ്യക്തിഗത നികുതി കുറയ്ക്കല്‍ എന്നിവയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ചിദംബരത്തിന്റെ ട്വീറ്റ്. ദുബെയുടെ പരാമര്‍ശത്തേയും അദ്ദേഹം പരിഹസിച്ചു.

‘ജി.ഡി.പി നമ്പറുകളില്‍ കാര്യമില്ല. വ്യക്തിഗത നികുതി കുറയ്ക്കും, ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കും. ഇവയെല്ലാം ബി.ജെ.പിയുടെ പുതിയ പരിഷ്‌കാര ആശയങ്ങള്‍ളാണ്. ഇനി ദൈവത്തിന് മാത്രമേ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനാകൂ’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘ജി.ഡി.പി നമ്പറുകളില്‍ കാര്യമില്ല. വ്യക്തിഗത നികുതി കുറയ്ക്കും, ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കും. ഇവയെല്ലാം ബി.ജെ.പിയുടെ പുതിയ പരിഷ്‌കാര ആശയങ്ങള്‍ളാണ്. ഇനി ദൈവത്തിന് മാത്രമേ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനാകൂ’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

1934 ന് മുമ്പ് ജി.ഡി.പി ഒരു സാമ്പത്തിക സൂചകമല്ലായിരുന്നെന്നും അതുകൊണ്ട് തന്നെ ഇത് ഒരു ആത്യന്തിക സത്യമല്ലെന്നുമായിരുന്നു ദുബെ അവകാശപ്പെട്ടത്. ദുബെയുടെ പ്രസ്താവനക്കെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും രംഗത്തെത്തിയിരുന്നു. പുതിയ ഇന്ത്യയിലെ പുതിയ സാമ്പത്തിക വിദഗ്ധരില്‍ നിന്ന് ദൈവം ഞങ്ങളെ രക്ഷിക്കുമെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 4.5 ശതമാനമായി കുറഞ്ഞുവെന്ന കണക്കുകള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തെ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടമായിയിരുന്നു. ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 5.6 ശതമാനമായി കുറച്ചിരുന്നു.