ഫാത്തിമ ലത്തീഫിന്റെ മരണം; കേസ് എന്തുകൊണ്ട് സി.ബി.സി.ഐ.ഡിയ്ക്ക് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എന്തുകൊണ്ട് സി.ബി.സി.ഐ.ഡിയ്ക്ക് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. മദ്രാസ് ഐ.ഐ.ടിയില്‍ 2006 മുതല്‍ നടന്ന ആത്മഹത്യകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദളാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഐ.ഐ.ടിയില്‍ നടന്ന മരണങ്ങളിലും വിശദമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു .

നിലവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഐ.ഐ.ടിയിലെ എം.എ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയിലായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഐ.ഐ.ടി അധികൃതര്‍ പറഞ്ഞത്.