കോതമംഗലം ചെറിയപള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കോതമംഗലം ചെറിയപള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ പൂര്‍ണമായും ഒഴിപ്പിച്ചശേഷം നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് ഉത്തരവ്. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനാണ് കോതമംഗലം ചെറിയപള്ളിയുടെ ഉടമസ്ഥാവകാശം.

നേരത്തെ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തിയിരുന്നെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പു കാരണം പള്ളിയില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് തോമസ് പോള്‍ റമ്പാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പള്ളിയില്‍ നിന്ന് യാക്കോബായ വിശ്വാസികളെ ഒഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരിക്കണമെന്നും ഏറ്റവും വേഗത്തില്‍ അക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.