ചത്തീസ്ഗഡിനെ കണ്ട് പഠിക്കണം; ഹെലികോപ്റ്റര്‍ വാടക കേരള കരാറിനെക്കാൾ പകുതി നിരക്കിൽ

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ട നടത്താനെന്ന പേരില്‍ വാടക ഹെലികോപ്ടറുകൾ എടുക്കാനുള്ള കേരള ആഭ്യന്തര വകുപ്പിന്റെ തീരുമാനം വിവാദത്തില്‍. ആരോപണങ്ങള്‍ ശരിവെച്ച് കൂടുതല്‍ തെളിവുകളും പുറത്തു വരികയാണ്. കേരളം ഒന്നരക്കോടി രൂപയ്ക്ക് വാടക കരാർ ഉറപ്പിച്ച ഹെലികോപ്റ്ററിന് ചത്തിസ്ഗഡ് സർക്കാർ നല്‍കുന്നത് എണ്‍പത്തിയഞ്ച് ലക്ഷം രൂപ മാത്രം. വിങ് ഏവിയേഷന്‍ എന്ന കമ്പനിയാണ് ഛത്തീസ്ഗഢ് സര്‍ക്കാറിന് സര്‍വീസ് നടത്തുന്നത്. കൂടുതല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞാണ് വന്‍ തുക വാടകയ്ക്ക് ഡല്‍ഹി ആസ്ഥാനമായ പവന്‍ ഹാന്‍സ് കമ്പനിയില്‍ നിന്ന് ഒരു ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്.

ഹെലികോപ്ടര്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുക്കുന്നത് അമിത തുകയ്ക്കാണെന്നും അപേക്ഷ നല്‍കിയ മറ്റൊരു കമ്പനിയായ ചിപ്‌സന്‍ ഏവിയേഷന്റെ കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ പരിഗണിച്ചില്ലെന്നുമാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം. ഇതിനു പുറമെയാണ് കേരളത്തിന് നല്‍കുന്ന അതേ സൗകര്യങ്ങളുള്ള ഹെലികോപ്റ്ററിന് ചത്തീസ്ഗഡ് സര്‍ക്കാര്‍ 25 മണിക്കൂറിന് 85 ലക്ഷം രൂപ മാത്രം വാടക നല്‍കുന്നത്. കേരളത്തിന് പവന്‍ ഹാന്‍സ് വാഗ്ദാനം ചെയ്തിരിക്കുന്നത് 20 മണിക്കൂര്‍ സേവനം മാത്രമാണ്.

അതേസമയം മാസം 1.44 കോടി രൂപയ്ക്ക് മൂന്ന് ഹെലികോപ്ടറുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനി വാഗ്ദാനം ചെയ്തത്. മാവോയിസ്റ്റുകളെ നേരിടാന്‍ മാത്രമല്ല അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാണ് ഹെലികോപ്ടര്‍ എന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നതെങ്കിലും മുഖ്യമന്ത്രിയുടെ ഉപയോഗത്തിനാണ് തിടുക്കത്തില്‍ തീരുമാനമെന്നും അറിയുന്നു. മാസം 1.44 കോടി രൂപവീതം വാടക നല്‍കുമ്പോള്‍ വര്‍ഷത്തില്‍ 17.28 കോടി രൂപ നല്‍കണം. നിശ്ചയിച്ചിട്ടുള്ള 20 മണിക്കൂറില്‍ കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും 60,000 രൂപ വീതം കൂടുതലായി നല്‍കേണ്ടി വരും.പദ്ധതി ചെലവുകള്‍പോലും വെട്ടിക്കുറച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുമ്പോഴാണ് ഇത്തരത്തില്‍ വന്‍ ധൂര്‍ത്തിന് സർക്കാർ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് ആക്ഷേപം.