സംഭാവനയായി കള്ളപ്പണം; കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ഡല്‍ഹി: കള്ളപ്പണം സംഭാവനയായി സ്വീകരിച്ചെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. തിങ്കളാഴ്ചയാണ് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ ഇന്‍ഫാസ്ട്രക്ചര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും സ്വീകരിച്ച പണത്തിന്റെ രേഖ സമര്‍പ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സംഭവവുമായി ബന്ധപ്പെട്ട് നവംബര്‍ നാലിന് നേരിട്ട് ഹാജരാകണമമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് ആദായനികുതി വകുപ്പ് സമന്‍സ് നല്‍കിയിരുന്നു.

എന്നാല്‍ ആരും ഹാജരായില്ല. ഇതിനു പിന്നാലെയാണ് കാരണം കാണിക്കള്‍ നോട്ടീസ് അയച്ചത്. ഹവാല ഇടപാടിലൂടെ ഹൈദരാബാദിലെ കമ്പനി 170 കോടി രൂപ കോണ്‍ഗ്രസിന് കൈമാറിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. 150 കോടി രൂപ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്ക ദേശം പാര്‍ട്ടിക്ക് ലഭിച്ചെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. 3000 കോടിരൂപയുടെ ഇടപാടാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള കമ്പനിയിലൂടെ നടന്നത്. ബാക്കി പണം ആര്‍ക്കൊക്കെ കിട്ടിയെന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നതായി ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.