ഹെല്‍മെറ്റ് പരിശോധന; ഗതാഗത വകുപ്പിന് ആദ്യ ദിവസം ലഭിച്ചത് രണ്ടര ലക്ഷം രൂപ

തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി ഗതാഗത വകുപ്പ്. ഇന്നലെ മാത്രം പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റില്ലാതെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത് ഡിസംബര്‍ ഒന്നു മുതലാണ്. ആദ്യദിവസം പിഴ ഈടാക്കാതെ ബോധവല്‍ക്കരണമാണ് നടത്തിയത്. എന്നാല്‍, രണ്ടാം ദിവസം മുതല്‍ ഗതാഗത വകുപ്പ് ഹെല്‍മെറ്റിലാതെയുള്ള യാത്രയ്ക്ക് പിഴ ഈടാക്കി തുടങ്ങി.

ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ച 455 പേരില്‍ നിന്നും ഇന്നലെ പിഴ ഈടാക്കിയിരുന്നു. പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത 91 പേരില്‍ നിന്നും സീറ്റ് ബെല്‍റ്റില്ലാതെ വാഹനം ഓടിച്ച 77 പേരില്‍ നിന്നും പിഴ ഈടാക്കി. ഈ മൂന്ന് വിഭാഗങ്ങളില്‍ നിന്നായി സംസ്ഥാനത്തൊട്ടാകെ 2,50,500 രൂപയാണ് പിഴ ഇനത്തില്‍ ഈടാക്കിയത്. ഇതിനു പുറമെയാണ് പോലീസിന്റെ പരിശോധന നടന്നത്.

വരും ദിവസങ്ങളിലും ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധന കര്‍ശനമായി തുടരാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. ഇതോടൊപ്പം ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ക്കെതിരേയും ചിന്‍സ്ട്രാപ്പിടാതെ ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ക്കെതിരേയും പിഴ ഈടാക്കാനാണ് തീരുമാനം.