കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം; കുടുംബത്തിന്റെ താമസവും, കുട്ടികളുടെ പഠനവും ഏറ്റെടുത്ത് നഗരസഭ

തിരുവനന്തപുരം: കൈതമുക്കില്‍ പട്ടിണി സഹിക്കവയ്യാതെ അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ അടിയന്തര നടപടി കൈക്കൊണ്ട് തിരുവനന്തപുരം നഗരസഭ. കുടുംബത്തിന് താമസ സൗകര്യവും അമ്മയ്ക്ക് താത്കാലിക ജോലിയും നഗരസഭ വാഗ്ദാനം ചെയ്തു. കുടുംബത്തെ മാറ്റി പാര്‍പ്പിക്കാനായി പണി പൂര്‍ത്തിയായി കിടക്കുന്ന ഫ്ളാറ്റ് കൈമാറാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്നും, താമസം, ആരോഗ്യം അടക്കമുള്ള വിഷയങ്ങള്‍ സാമൂഹിക പ്രതിബദ്ധതയുള്ള ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നഗരസഭ ഏറ്റെടുക്കുമെന്നും മേയര്‍ അറിയിച്ചു. അമ്മയ്ക്ക് താത്ക്കാലിക ജോലിയും മേയര്‍ വാഗ്ദാനം ചെയ്തു.

പോറ്റാന്‍ വഴിയില്ലാതെ അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്ന നാടിന്റെ നെഞ്ച് പിളര്‍ക്കുന്ന വാര്‍ത്ത ഇന്ന് വൈകീട്ടോടെയാണ് പുറത്തുവരുന്നത്. തിരുവനന്തപുരം കൈതമുക്കില്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍ കഴിയുന്ന സ്ത്രീയാണ് കുട്ടികളെ ശിശുക്ഷേമ സ്ഥിതിക്ക് കൈമാറിയത്.ആറു മക്കളില്‍ നാലു മക്കളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

മറ്റ് രണ്ട് കുട്ടികള്‍ മുല കുടിക്കുന്നവരാണ്. ആവശ്യമെങ്കില്‍ അവരെയും ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. ബാനര്‍, ഫ്ളക്സ് എന്നിവ കൊണ്ട് കെട്ടിമറച്ച കുഞ്ഞുവീട്ടിലാണ് കുടുംബം താമസിക്കുന്നത്. മുമ്പ് ശിശുക്ഷേമ സമിതി നല്‍കിയ പോഷകാഹാരം മാത്രമേ കുട്ടികള്‍ക്ക് ആരോഗ്യമുള്ള ഭക്ഷണം എന്ന രീതിയില്‍ നല്‍കിയിട്ടുള്ളുവെന്ന് അമ്മ പറഞ്ഞിരുന്നു.