‘ബുക്ക് തിരിച്ചെത്തിച്ചില്ലെങ്കില്‍ സര്‍വീസില്‍ ഉണ്ടാവില്ല’; മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന് ബസ് ഉടമയുടെ ഭീഷണി

ഇടുക്കി: വാഹനപരിശോധന നടത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെതിരെ ടൂറിസ്റ്റ് ബസ് ഉടമയുടെ ഭീഷണി. തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോഷ് ട്രാവല്‍സ് ഉടമ ജോഷിയാണ് കൊട്ടാരക്കര അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അജീഷ് കുമാറിനെ ഭീഷണിപ്പെടുത്തിയത്. ഫോണില്‍ വിളിച്ചാണ് ഭീഷണി. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.

തിരുവനന്തപുരം തൊടുപുഴ റൂട്ടിലോടുന്ന ജോഷ് ബസില്‍ സ്പീഡ് ഗവര്‍ണര്‍ വേര്‍പെടുത്തിയ നിലയിലായിരുന്നു. ചട്ടലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഫിറ്റനസ് റദ്ദാക്കിയത്. ഇതാണ് ജോഷിയെ പ്രകോപിപ്പിച്ചത്. ബുക്ക് തിരിച്ചെത്തിച്ചില്ലെങ്കില്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്നും ഡ്യൂട്ടി കഴിഞ്ഞ് നിന്നെ കണ്ടോളാമെന്നുമാണ് ജോഷിയുടെ ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ബസുടമ ജോഷിക്കും ലിബിന്‍ എന്നയാള്‍ക്കുമെതിരേ അജീഷ് കുമാര്‍ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.