തമിഴ്നാട്ടില്‍ കനത്ത മഴയില്‍ മരണം 23 ആയി; ആറിടങ്ങളില്‍ റെഡ് അലര്‍ട്ട്

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴയില്‍ ഇരുപത്തി മൂന്ന് മരണം. മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് പതിനേഴ് പേര്‍ മരിച്ചു. മതിലിടിഞ്ഞ് വീടുകള്‍ക്കുമേല്‍ വീണ് നാല് വീടുകള്‍ തകര്‍ന്നാണ് ദുരന്തമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം. ഗുരു (45), രാമനാഥ് (20), ഓവിയമ്മാള്‍ (50), നാദിയ (30), അനന്ദകുമാര്‍ (40), ഹരിസുധ (16), ശിവകാമി (45), വൈദേഗി (20), തിലഗവതി (50), ചിന്നമ്മാള്‍ (70), അറുകാണി (55), രുക്കുമണി (40), നിവേത (18), അക്ഷയ, (7), ലോഗുറാം (7) എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ വിവരങ്ങള്‍ ലഭ്യമല്ല. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

തിരച്ചില്‍ തുടരുകയാണ്.മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. മഴയ്ക്ക് ശമനമുണ്ടായില്ലെങ്കില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടുവാനും തമിഴ്‌നാട് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് വിലയിരുത്തല്‍. തീരമേഖലയില്‍ കേന്ദ്രസേനയുടെ സഹായം അഭ്യര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

തമിഴ്നാട്ടില്‍ ആറിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വെല്ലൂര്‍, തിരുവണ്ണാമലൈ, രാമനാദപുരം, തിരുനല്‍വേലി, തൂത്തുക്കുടി, തിരുവള്ളൂര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മദ്രാസ് യൂണിവേഴ്‌സിറ്റിയും തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റിയും പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. ചെന്നൈ ഉള്‍പ്പടെ പതിനാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ ഊട്ടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.