ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് ഹിയറിങില്‍ പങ്കെടുക്കില്ലെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ബുധനാഴ്ച നടക്കാനിരിക്കുന്ന ഇംപീച്ച്‌മെന്റ് ഹിയറിങില്‍ ട്രംപും അഭിഭാഷകരും പങ്കെടുക്കില്ലെന്ന് വൈറ്റ് ഹൗസ്. നീതിപൂര്‍വമല്ലാതെയും അടിസ്ഥാനപരമായ മൂല്യങ്ങള്‍ക്ക് വില കല്‍പിക്കാതെയുമാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നതെന്ന് വൈറ്റ് ഹൗസ് അഭിഭാഷകന്‍ പാറ്റ് സിപോലോണ്‍ ജുഡീഷ്യറി കമ്മിറ്റിയ്ക്കയച്ച കത്തില്‍ കുറ്റപ്പെടുത്തി. ഹിയറിങ്ങിനായി ഹാജരാകാന്‍ പ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ജെറോള്‍ഡ് നാദ് ലര്‍ നവംബര്‍ 26നാണ് ട്രംപിന് കത്തയച്ചത്.

ഹിയറിങിന് ഒരുങ്ങാന്‍ ആവശ്യമായ സമയം വൈറ്റ് ഹൗസിന് നല്‍കുന്നതില്‍ ഹൗസ് ജുഡീഷ്യറി കമ്മിറ്റി പരാജയപ്പെട്ടെന്ന് ആരോപിച്ച പാറ്റ് സിപോലോണ്‍, സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും നല്‍കിയില്ലെന്നും കുറ്റപ്പെടുത്തി. ട്രംപിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് നേരിട്ടറിയുന്ന സാക്ഷികളൊന്നുമില്ലെന്നും സംഭവങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നവര്‍ മാത്രമാണ് ഇപ്പോഴത്തെ സാക്ഷികളെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ്. ജുഡീഷ്യറി കമ്മിറ്റി മൂന്ന് സാക്ഷികളെ വിളിച്ചപ്പോള്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഒരു സാക്ഷിയെ മാത്രം വിളിക്കാനുള്ള അനുമതിയാണ് നല്‍കിയതെന്നും സിപോലോണ്‍ കത്തില്‍ പറയുന്നു.

ഇംപീച്ച്‌മെന്റ് നടപടികള്‍ നീതിപൂര്‍വമാണ് നടക്കുന്നതെന്ന ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ജെറോള്‍ഡ് നാദ്‌ലറിന്റെ അവകാശവാദത്തെ പാറ്റ് സിപോലോണ്‍ നിശിതമായി വിമര്‍ശിച്ചു. തുടര്‍ന്നുള്ള ഹിയറിങുകളില്‍ ട്രംപ് പങ്കെടുക്കണമെങ്കില്‍ നീതീപൂര്‍വമായ നടപടികള്‍ നടക്കുന്നുവെന്ന് നാദ്‌ലര്‍ ഉറപ്പുവരുത്തണമെന്ന് സിപോലോണ്‍ ആവശ്യപ്പെട്ടു.

ഡെമോക്രാറ്റ് നേതാവും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡനും മകനുമെതിരെ വ്യാജ കേസുണ്ടാക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കിയോട് ട്രംപ് ആവശ്യപ്പെട്ടു എന്നതാണ് ഇംപീച്ച്മെന്റ് നടപടികളിലേക്ക് നയിച്ച പരാതി. ബൈഡനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ യുക്രൈന് അമേരിക്ക നല്‍കുന്ന സൈനിക സഹായം തടഞ്ഞു വെയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയോ എന്നതാണ് അന്വേഷണ വിഷയം. എന്നാല്‍, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ വേട്ടയാടുന്നതിനാണ് ഇംപീച്ച്മെന്റ് നടപടികളെന്നുമാണ് ട്രംപിന്റെ നിലപാട്.