അഭിഭാഷക മജിസ്‌ട്രേറ്റ് തര്‍ക്കം; ചര്‍ച്ചയില്‍ തീരുമാനമായില്ല

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം ഒത്തുതീര്‍പ്പായില്ല. ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍
നാളെ വഞ്ചിയൂര്‍ കോടതിയിലെത്തി അഭിഭാഷകരെ കാണും. ഇതിനു ശേഷം അഞ്ചാം തിയ്യതി ഹൈക്കോടതി ചീഫ് ജസ്റ്റിസിനു റിപ്പോര്‍ട്ട് നല്‍കും.

ചീഫ് ജസ്റ്റിസിനു പുറമെ നാല് ജഡ്ജിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഭിഭാഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്നും ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിക്കയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസെടുക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ടത്.

കഴിഞ്ഞ നവംബര്‍ 27നാണ് വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ പൂട്ടിയിടുന്നതടക്കമുള്ള നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 2016ലെ വാഹനാപകടക്കേസില്‍ പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചത്.