ബലാത്സംഗ ഇരക്കായുള്ള പ്രതിഷേധത്തിന് ചുക്കാന്‍ പിടിച്ച ബി.ജെ.പി യുവനേതാവ് പീഡനക്കേസില്‍ അറസ്റ്റില്‍

ഹൈദരാബാദ്: ബി.ജെ.പി യുവനേതാവും മുന്‍ എം.എല്‍.എയുടെ മകനുമായ ആശിഷ് ഗൗഡ പീഡനക്കേസില്‍ അറസ്റ്റില്‍. ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കൊന്ന സംഭവത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആശിഷ് യുവമോര്‍ച്ച അംഗമാണ്.
ഡിസംബര്‍ ഒന്ന് ഞായറാഴ്ച സൈബറാബാദിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നതെന്ന് 27 കാരിയായ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

അവര്‍ കൂട്ടുകാരോടൊപ്പം ഹോട്ടലില്‍ പാട്ടു കേട്ട് നില്‍ക്കുമ്പോള്‍ ആശിഷും കൂട്ടുകാരും വന്ന് ഉപദ്രവിക്കുകയായിരുന്നു. കൈകള്‍ കടന്നു പിടിക്കുകയും വൃത്തികെട്ട ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. ഗ്ലാസുകള്‍ നിലത്തെറിഞ്ഞുടച്ച ഇവര്‍ തങ്ങളേയും അടിക്കാന്‍ നോക്കിയതായി ഇവര്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. ആശിഷ് ഗൗഡ ഇതെല്ലാം നിഷേധിച്ചിരുന്നു.