പ്രിയങ്ക ഗാന്ധിക്കു പകരം സിന്ദാബാദ് വിളിച്ചത് പ്രിയങ്ക ചോപ്രക്ക്; കോണ്‍ഗ്രസ് നേതാവിന്റെ നാക്ക് പിഴ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഡല്‍ഹി: പ്രിയങ്കാ ഗാന്ധിക്കു പകരം ബോളിവുഡ് നടി പ്രിയങ്ക ചോപ്രക്ക് സിന്ദാബാദ് വിളിച്ച് വെട്ടിലായി കോണ്‍ഗ്രസ് നേതാവ്. ഡല്‍ഹിയില്‍ നടന്ന ഒരു പൊതു പരിപാടിക്കിടെ സുരേന്ദര്‍ കുമാര്‍ എന്ന നേതാവിനാണ് അബദ്ധം പിണഞ്ഞത്. ആവേശത്തള്ളിച്ചയില്‍ നേതാക്കന്‍മാര്‍ ഓരോരുത്തര്‍ക്കായി ജയ് വിളിക്കവെയാണ് സംഭവം.

സോണിയ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ് എന്നിങ്ങനെ വിളിച്ചു വന്നപ്പോള്‍ പ്രിയങ്ക ഗാന്ധി പ്രിയങ്ക ചോപ്ര ആവുകയായിരുന്നു.ഉടന്‍ തന്നെ കൂടെ മുദ്രവാക്യം വിളിച്ചു കൊണ്ടിരുന്ന പാര്‍ട്ടി ഡല്‍ഹി നേതാവ് സുഭാഷ് ചന്ദ്ര ഇത് തിരുത്തുകയും ചെയ്തു. അബദ്ധം മനസ്സിലായ ഉടനെ സുഭാഷ് ചന്ദ്ര തിരിഞ്ഞു നോക്കുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. ഏതായാലും നേതാവിന്റെ നാക്കുപിഴ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നൂറു കണക്കിന് ഷെയറുകളാണ് ഇതിന്റെ ദൃശ്യങ്ങള്‍ക്ക് ലഭിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് വീഡിയോ പുറത്തുവിട്ടത്.