ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; മഴക്ക് സാധ്യത, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കേരളത്തില്‍ വ്യാപക മഴക്ക് സാധ്യതയുണ്ട്. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, ഇടുക്ക് എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചില സമയങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളത് കൊണ്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലക്ഷദ്വീപ്, കേരള, കര്‍ണ്ണാടക തീരങ്ങളില്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. കടല്‍ത്തീരങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനു പോകരുതെന്നും കടലില്‍ ഇറങ്ങരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്. അടുത്ത നാലു ദിവസങ്ങളിലും കാറ്റും മഴയും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.