കൂട്ടബലാത്സംഗ കേസില്‍ രാജ്യമെമ്പാടും പ്രതിഷേധം; തെലങ്കാന സര്‍ക്കാര്‍ ഇടപെട്ടു

ഹൈദരാബാദ്: ഷാദ്‌നഗറില്‍ യുവ വെറ്ററിനറി ഡോക്ടര്‍ പ്രിയങ്ക റെഡ്ഡിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അതിവേക കോടതിയില്‍ പെട്ടന്നുതന്നെ വിചാരണ നടപടി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. രാജ്യമെമ്പാടും ഇതിന്റെ പേരില്‍
പ്രതിഷേധം അലയടിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഡോക്ടറുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു വ്യക്തമാക്കി.

ദേശീയപാതയായിരുന്നിട്ട് കൂടി, ഇവിടെ നിന്ന് ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചെന്നതും, ഇതിനെക്കുറിച്ച് പോലീസിന് ഒരു വിവരവും കിട്ടിയില്ല എന്നതും കടുത്ത അലംഭാവമാണെന്ന തരത്തിലാണ് പ്രതിഷേധമുയര്‍ന്നിരുന്നത്. അതേസമയം കേസ് നടപടികളില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് ഡോക്ടറുടെ കുടുംബം ആരോപിച്ചു. സ്റ്റേഷനുകള്‍ തോറും കയറിയിറങ്ങിയിട്ടും പോലീസ് സഹായിക്കാന്‍ തയാറായില്ലെന്നും തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലല്ല സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടി മറ്റു സ്റ്റേഷനുകളിലേയ്ക്ക് അവര്‍ പറഞ്ഞയക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.

വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്- ബെംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ലോറി തൊഴിലാളികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.