വോഡാഫോണ്‍-ഐഡിയ കോള്‍,ഡാറ്റാ നിരക്കുകള്‍ കുത്തനെ കൂട്ടുന്നു; വര്‍ധനവ് ഡിസംബര്‍ മൂന്ന് മുതല്‍

ഡല്‍ഹി: വോഡാഫോണ്‍ -ഐഡിയ മൊബൈല്‍ കോളുകളുടെയും ഡാറ്റാ സേവനത്തിന്റെയും നിരക്കുകള്‍ കുത്തനെ കൂട്ടുന്നു. ഡിസംബര്‍ മൂന്ന് മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. നിലവിലെ പ്ലാനുകളുടെ നിരക്കിനേക്കാള്‍ 42% വര്‍ധനവോടെയായിരിക്കും പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുക. 2 ദിവസം, 28 ദിവസം, 84ദിവസം, 365 ദിവസം എന്നിങ്ങനെ വാലിഡിറ്റിയുള്ള പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുമെന്നും ടെലികോം ഓപ്പറേറ്റര്‍ ഞായറാഴ്ച അറിയിച്ചു.

മറ്റു സേവന ധാതാക്കളും വരും ദിവസങ്ങളിലായി നിരക്ക് വര്‍ധിപ്പിച്ചേക്കും. 50,922 കോടിരൂപയുടെ പാദവാര്‍ഷിക നഷ്ടമാണ് ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡാഫോണ്‍ നേരിടുന്നത്. ഐഡിയ സെല്ലുലാറിനെ ഏറ്റെടുത്തതോടെ നഷ്ടം ഭീമമായി. ഇന്ത്യ വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നതായിപോലും വോഡാഫോണ്‍ ആഗോള സി.ഇ.ഒ പരാമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ ഒരു കോര്‍പറേറ്റ് കമ്പനിക്കു സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടമാണിത്. സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചതിന് ശേഷമാണ് ടെലികോം നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ വോഡാഫോണ്‍ തീരുമാനിച്ചത്.