ഉള്ളി വില കുതിച്ചുയരുന്നു; തുര്‍ക്കിയില്‍ നിന്നും 11,000 ടണ്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്രം

ഡല്‍ഹി: ഉള്ളിവില നിയന്ത്രിക്കാനാകാത്ത വിധം ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യ തുര്‍ക്കിയുടെ സഹായം തേടി. തുര്‍ക്കിയില്‍ നിന്നും ഈജിപ്തില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്യാനാണ് തീരുമാനം. ഇതിനായി ഇരുരാജ്യങ്ങളുമായി ചര്‍ച്ച നടത്തി. പൊതുമേഖലാ കമ്പനിയായ എം.എം.ടി.സിയാണ് തുര്‍ക്കിയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. 11,000 മെട്രിക് ടണ്‍ ഉള്ളിയാണ് തുര്‍ക്കിയില്‍ നിന്ന് ഇറക്കുക.

ഡിസംബര്‍ അവസാന വാരമോ ജനുവരി ആദ്യത്തിലോ തുര്‍ക്കിയില്‍ നിന്ന് ഉള്ളിയെത്തും. ഈ മാസം പകുതിയില്‍ ഈജിപ്തില്‍ നിന്ന് ഉള്ളിയെത്തും. 6090 മെട്രിക് ടണ്‍ ഉള്ളിയാണ് ഈജിപ്തില്‍ നിന്ന് ഇറക്കുമതി ചെയ്യുക. ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചു. രാജ്യത്തെ പലനഗരങ്ങളിലും ഉള്ളിവില നൂറുരൂപയോടടുത്തെത്തി. ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് മായബന്ദറിലാണ്. കിലോയ്ക്ക് 120 രൂപയാണ് മായബന്ദറില്‍ ഉള്ളിവില.