ധനമന്ത്രിയ്ക്ക് സാമ്പത്തികശാസ്ത്രം അറിയില്ല; ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മൈക്ക് കൈമാറുകയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന് സാമ്പത്തിക ശാസ്ത്രം അറിയില്ലെന്ന് ബി.ജെ.പി എം.പിയും സാമ്പത്തിക ശാസത്രജ്ഞനുമായ സുബ്രഹ്മണ്യന്‍ സ്വാമി. വളര്‍ച്ചയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് മാന്ദ്യമില്ലെന്ന് നിര്‍മല സീതാരാമന്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം. ‘ യഥാര്‍ഥ വളര്‍ച്ചാ നിരക്ക് എത്രയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? 4.8 ശതമാനം ആയി കുറഞ്ഞെന്നാണ് അവര്‍ പറയുന്നത്.

എന്നാല്‍ അത് 1.5 ശതമാനമാണെന്ന് ഞാന്‍ പറയും’ – അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അവര്‍ ഉദ്യോഗസ്ഥര്‍ക്ക് മൈക്ക് കൈമാറുകയാണ് ചെയ്യുന്നത്. രാജ്യത്തെ നിലവിലെ പ്രശ്നം ലഭ്യതക്കുറവല്ല ആവശ്യം കുറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കി
കോര്‍പറേറ്റുകള്‍ ലഭ്യത കുത്തനെ ഉയര്‍ത്തുകയാണ് നിര്‍മല സീതാരാമന്‍ ചെയ്യുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. പ്രധാനമന്ത്രിയ്ക്ക് തന്നെ വേണ്ട. അദ്ദേഹത്തിന് എതിരഭിപ്രായം പറയുന്ന ഒരാളെയും മന്ത്രിയായി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.