അമിത് ഷായെ വേദിയിലിരുത്തി സര്‍ക്കാരിനെതിരെ രാഹുല്‍ ബജാജ്

ഡല്‍ഹി: നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വ്യവസായിയും ബജാജ് ഗ്രൂപ്പ് ചെയര്‍മാനുമായ രാഹുല്‍ ബജാജ്. മുംബൈയില്‍ നടന്ന ‘ദ ഇക്കണോമിക് ടൈംസ് ഇ.ടി പുരസ്‌കാര’ച്ചടങ്ങില്‍ അമിത് ഷായെ വേദിയിലിരുത്തിയാണ് വ്യവസായ ഭീമന്റെ ആക്രമണം. ഭീതി മൂലം മോദി സര്‍ക്കാരിനെതിരെ ആരും ഒന്നും പ്രതികരിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പുറമേ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. മോദി സര്‍ക്കാറിനെതിരെ ആരും ഒന്നും മിണ്ടില്ല. കാരണം എല്ലാവര്‍ക്കും ഭയമാണ്. മാത്രമല്ല വിമര്‍ശനം നിങ്ങള്‍ക്ക് സഹിക്കില്ല.

വിമര്‍ശനം ശരിയായ രീതിയിലാണോ സര്‍ക്കാര്‍ ഉള്‍ക്കൊള്ളുകയെന്ന കാര്യത്തില്‍ തനിക്കുറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ ഇന്ന് വ്യവസായികള്‍ക്കു പോലും മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കഴിയില്ല. നിലവിലെ ഭരണകൂടം ഭയത്തിന്റെയും അനിശ്ചിതത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ വിശ്വാസത്തില്‍ നിന്നും ആത്മവിശ്വാസത്തില്‍ നിന്നും മാറി അത് ഭയത്തിലേക്കും സംഭ്രമത്തിലേക്കും മാറിയെന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ ‘ദേശഭക്തന്‍’ എന്നു വിളിച്ച ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂറിനെക്കുറിച്ചും രാഹുല്‍ പരാമര്‍ശിച്ചു.

‘അവര്‍ ബി.ജെ.പിയുടെ പിന്തുണ നേടുന്നതില്‍ വിജയിച്ചു. ആരാണു ഗാന്ധിയെ വെടിവെച്ചതെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? എനിക്കറിയില്ല.’ അദ്ദേഹം പറഞ്ഞു. പ്രജ്ഞയുടെ പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്നായിരുന്നു ഇതിന് ഷായുടെ മറുപടി.