ഹൈക്കോടതി ഉത്തരവിനെതിരെ പ്രമേയം പാസാക്കി ബാര്‍ അസോസിയേഷന്‍

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി. വാഹനാപകട നഷ്ടപരിഹാരം പരാതിക്കാര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് പ്രമേയം പാസാക്കിയത്. അഭിഭാഷകരുടെ അവകാശങ്ങള്‍ക്കെതിരെയാണ് കോടതിയുടെ നടപടിയെന്നും അദാലത്തുകളില്‍ നിന്ന് അഭിഭാഷകര്‍ വിട്ടുനില്‍ക്കണമെന്നും നിര്‍ദ്ദേശിക്കുന്നതായിരുന്നു പ്രമേയം.

ഈ ഉത്തരവിനെ ബഹിഷ്‌കരിക്കാനും, ബാര്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് തങ്ങളുടെ പരാതി ചീഫ് ജസ്റ്റിസിനെ അറിയിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ചേംബറില്‍ കയറി കൈയേറ്റത്തിന് ശ്രമിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബാര്‍ അസോസിയേഷന്റെ മറ്റൊരു നടപടിയും വിവാദമാകുന്നത്.