മഹാരാഷട്ര നിയമസഭ സ്പീക്കറായി നാനാ പട്ടോളയെ തെരഞ്ഞെടുത്തു

മുംബൈ: മഹാരാഷ്ട്ര നിയമസഭയുടെ പുതിയ സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ബിജെപി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് നാനാ പട്ടോളയെ എതിരില്ലാതെ തെരഞ്ഞെടുത്തത്. കോണ്‍ഗ്രസിനാണ് മഹാ സഖ്യത്തില്‍ സ്പീക്കര്‍ സ്ഥാനം.

ഇന്നലെ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് സമയത്ത് ശക്തമായ പ്രതിഷേധമുണ്ടാക്കിയ ബിജെപി സ്പീക്കര്‍ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരുന്നു. കിഷന്‍ കത്തോരെയായിരുന്നു ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. എന്‍.സി.പിയടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പിയുടെ പിന്‍മാറ്റം.

സഭയുടെ അന്തസ്സ് നിലനിര്‍ത്തണമെന്നും സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കണമെന്നുമായിരുന്നു ബി.ജെ.പിയോട് മറ്റ് രാഷ്ട്രീയ കക്ഷികളുടെ അഭ്യര്‍ത്ഥന. മഹാ സഖ്യത്തില്‍ എന്‍.സി.പിക്കാണ് ഉപമുഖ്യമന്ത്രി സ്ഥാനം. അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാതക്കുന്നതില്‍ ചില എന്‍.സി.പി എം.എല്‍.എമാര്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ശരത് പവാര്‍ ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.