നടുറോഡില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: പോത്തന്‍കോട് ജംഗ്ഷനില്‍ നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം. നടുറോഡില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.

തിരക്കേറിയ പോത്തന്‍കോട് ജംഗ്ഷനില്‍ ചന്തയിലേയ്ക്കുള്ള പ്രവേശന വാതിലിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. ബൈക്കിലെത്തിയ യുവാക്കള്‍ തമ്മില്‍ പരസ്പരം വാക്കേറ്റമുണ്ടായി നടുറോഡില്‍ തമ്മിലടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല.

മര്‍ദനമേറ്റ യുവാവിന് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. നാട്ടുകാര്‍ വിവരം പോത്തന്‍കോട് പോലീസിലില്‍ അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താന്‍ വൈകിയതായും ആരോപണമുണ്ട്. പരാതിയുമായി ആരും എത്താത്തതിനാല്‍ കേസെടുത്തില്ലെന്നാണ് പോലീസ് പറയുന്നത്. സമീപത്തെ സിസിടിവി യില്‍ ദൃശ്യങ്ങള്‍ ലഭ്യമാണെങ്കിലും സ്വാഭാവിക അന്വേഷണത്തിനുപോലും പോലീസ് തയ്യാറായില്ലന്നാണ് ആക്ഷേപം.