മജിസ്ട്രേറ്റിനെതിരേ പടയൊരുക്കവുമായി അഭിഭാഷകര്‍; വിശദീകരണം ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലിന്റെ നോട്ടിസ്

കൊച്ചി: അഭിഭാഷകര്‍ ചേംബറില്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിനെതിരേ പടയൊരുക്കവുമായി കേരള ബാര്‍ കൗണ്‍സില്‍. മജിസ്ട്രേറ്റ് ആയതിന് ശേഷവും എന്റോള്‍മെന്റ് റദ്ദാക്കാത്തതിന്റെ വിശദീകരണം ആവശ്യപ്പെട്ട് ഇപ്പോള്‍ അവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍.

ഇതുസംബന്ധിച്ച് മജിസ്ട്രേറ്റിനോട് വിശദീകരണം തേടാന്‍ ഇന്നത്തെ ബാര്‍കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. വാഹന അപകട കേസിലെ വാദിയായ സ്ത്രീയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കിയതോടെയാണ് അഭിഭാഷകര്‍ വഞ്ചിയൂര്‍ മജിസ്ട്രേറ്റ് ദീപ മോഹനെതിരേ തിരിഞ്ഞത്. ഇവരുടെ ചേംബറിലേക്ക് ഇരച്ചു കയറിയി ഒരുകൂട്ടം അഭിഭാഷകര്‍ തന്നെ തടഞ്ഞുവച്ച് അസഭ്യം പറഞ്ഞു എന്നാണ് ഇവരുടെ പരാതി.

തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ ദീപാ മോഹനെതിരെയാണ് കേരളാ ബാര്‍ കൗണ്‍സിന്റെ നിലപാട്. മജിസ്ട്രേറ്റ് നല്‍കിയ കേസ് അടിയന്തരമായി പിന്‍വലിക്കണമെന്നാണ് കേരള ബാര്‍ കൗണ്‍സിലിന്റെ ആവശ്യം. അല്ലെങ്കില്‍ അഭിഭാഷകര്‍  പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും കേരള ബാര്‍ കൗണ്‍സില്‍ നല്‍കിയിട്ടുണ്ട്.

വാഹനാപകട കേസിലെ വാദിയായ ലതാകുമാരിയെ മൊഴിമാറ്റാനായി ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. 2015ല്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മണി അലക്ഷ്യമായി വാഹനമോടിച്ചതിനെ തുടര്‍ന്ന് ലതാകുമാരിക്ക് പരിക്കേറ്റിരുന്നു. ഡ്രൈവറെ കണ്ടാല്‍ അറിയില്ലെന്ന് പറയാനാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ലതാകുമാരി പറഞ്ഞു.