യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷം; കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ ഇന്നലെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു. വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഭഗത്തിനെ മര്‍ദ്ദിച്ച കേസിലാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ഭഗത് നേരത്തേ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

അതേസമയം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനെ ഉള്‍പ്പെടെ അക്രമിച്ച കേസില്‍ 13 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്ന് രാത്രി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പോലീസുക്കാരെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിരിക്കുന്നത്.